മലപ്പുറം ജില്ലപഞ്ചായത്ത്
വിജയഭേരി വിദ്യാഭ്യാസപദ്ധതി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്ക് വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള അധികാരം കൈമാറിക്കൊണ്ട് 1996ല്‍ നടപ്പിലാക്കിയ വികേന്ദ്രീകൃത ആസൂത്രണ പദ്ധതിയായ ജനകീയ ആസൂത്രണത്തിലൂടെ ലഭിച്ച അധികാരത്തെ വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേകിച്ച്അക്കാദമികമേഖലയില്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിന്റെ മികച്ച ഉദാഹരണമാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് 2001-2002 വര്‍ഷം മുതല്‍ നടപ്പിലാക്കിവരുന്ന വിജയഭേരി വിദ്യാഭ്യാസ പദ്ധതി.
1969 ജൂണ്‍ 16നാണ് മലപ്പുറം ജില്ല രൂപീകൃതമായത്. ജനസംഖ്യ കൊണ്ട് കേരളത്തില്‍ ഒന്നാം സ്ഥാനത്തും വിസ്തൃതി കൊണ്ട് കേരളത്തില്‍ മൂന്നാം സ്ഥാനത്തുമാണ് മലപ്പുറം ജില്ല. 2011ലെ സെന്‍സസ് പ്രകാരം 4112920 പേര്‍ ജില്ലയില്‍ അധിവസിക്കുന്നു. കേരളത്തിലെ മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വിദ്യാഭ്യാസപരമായി ഏറ്റവും പുറകില്‍ നില്‍ക്കുന്ന പ്രദേശമാണ് മലപ്പുറം. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ഈ പിന്നോക്കാവസ്ഥ മാറ്റുന്നതി നുള്ള നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. മുസ്ലീങ്ങള്‍ ഭൂരിപക്ഷമായ ഈ പ്രദേശത്ത് മത വിദ്യാഭ്യാസത്തിനായിരുന്നു കൂടുതല്‍ പ്രാധാന്യം. ഭൗതിക വിദ്യാഭ്യാസത്തിന് വേണ്ടത്ര പരിഗണന നല്‍കിയിരുന്നില്ല. മലയാളഭാഷയെക്കാളുപരി അറബി മലയാളം ഭാഷയായിരുന്നു എഴുതാനായി ഉപയോഗിച്ചിരുന്നത്.
1956ല്‍ കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് നിരവധി സ്കൂളുകള്‍ സ്ഥാപിക്കുകയുണ്ടായി. മുസ്ലിം വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി പല സ്കൂളുകളിലും വെള്ളിയാഴ്ചയും റംസാന്‍ മാസവും അവധി നല്‍കിക്കൊണ്ടുള്ള മാപ്പിള കലണ്ടറും അനുവദിച്ചു. എങ്കിലും സംസ്ഥാനത്ത് വിദ്യാഭ്യാസപരമായി ഏറ്റവും പുറകില്‍ നില്‍ക്കുന്ന പ്രദേശമായി തന്നെ ഈ പ്രദേശം നിലകൊണ്ടു.1969ല്‍ മലപ്പുറം ജില്ല രൂപീകൃതമായതിനു ശേഷം എല്ലാ മേഖലയിലും വികസന മുന്നേറ്റം ഉണ്ടായി. 1980–90കളിലെ ഗള്ഫ് കുടിയേറ്റം ജില്ലയുടെ സാമ്പത്തിക അഭിവൃദ്ധിക്ക് വഴിവച്ചു. വിദേശരാജ്യങ്ങളില്‍ എത്തിപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെട്ടു. തങ്ങളുടെ അടുത്ത തലമുറയെങ്കിലും മികച്ച വിദ്യാഭ്യാസം നേടണമെന്ന അവരുടെ ആഗ്രഹവും വിവിധ രാഷ്ട്രീയ സന്നദ്ധ സേവന സംഘടനകളുടെ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ മേഖലയില്‍ പുത്തനുണര്‍വുണ്ടാക്കി. ഇതേ അവസരത്തില്‍ തന്നെയാണ് കേരളത്തില്‍ സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞം ആരംഭിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നിരക്ഷരര്‍ ഉണ്ടായിരുന്ന മലപ്പുറം ജില്ല 1990 നടന്ന സാക്ഷരത പ്രവര്‍ത്തനങ്ങളെ പൂര്‍ണാര്ത്ഥത്തില്‍ ഏറ്റെടുത്തു. മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും സാക്ഷരത പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത് ജില്ലയില്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ ഓളങ്ങള്‍ സൃഷ്ടിച്ചു.
എങ്കിലും മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്കൂള്‍ വിദ്യാഭ്യാസത്തിലും ഉപരിപഠന മേഖലയിലും ജില്ല ഏറെ പുറകിലായിതന്നെനിന്നു. വിവാഹ പ്രായം ഏറ്റവും കുറഞ്ഞ ജില്ല, ശിശു മരണനിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല, ആളോഹരി വരുമാനം ഏറ്റവും കുറഞ്ഞ ജില്ല, ജനസംഖ്യാനുപാതികമായി ഏറ്റവും കുറഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്ള ജില്ല, എസ്.എസ്.എല്‍.സി പ്ലസ് ടു റിസള്‍ട്ട് ഏറ്റവും കുറഞ്ഞ ജില്ല സ്കൂള്‍ തലത്തില്‍ ഏറ്റവും കൂടുതല്‍ കൊഴിഞ്ഞു പോക്കുള്ള ജില്ല, സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ ജി.ഇ.ആര്‍ (ഗ്രോസ് എന്‍റോള്‍മെന്റ് റേഷ്യോ) ഉള്ള ജില്ല,..... ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും പിന്നോക്കമായിരുന്നു മലപ്പുറം ജില്ല.
1998ല്‍ സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 55% വിദ്യാര്‍ത്ഥികള്‍ പാസായപ്പോള്‍ മലപ്പുറം ജില്ലയുടെ റിസള്‍ട്ട് 30.23% ആയിരുന്നു. 2000ല്‍ സംസ്ഥാനത്ത് 56.18 ശതമാനം വിജയം കണ്ടപ്പോള്‍ മലപ്പുറം ജില്ലയിള്‍ 32 ശതമാനവും 2001ല്‍ സംസ്ഥാനത്ത് 56.2ശതമാനം റിസള്‍ട്ട് അപ്പോള്‍ മലപ്പുറം ജില്ലയില്‍ 33.24 ശതമാനവും മാത്രമായിരുന്നു എസ്.എസ്.എല്‍.സി റിസള്‍ട്ട്. സംസ്ഥാനത്ത് എസ്.എസ്.എള്‍.സി റിസള്‍ട്ടിലും പ്ലസ്ടു റിസള്‍ട്ടിലും ഏറ്റവും പുറകിലായിരുന്നു മലപ്പുറം ജില്ല. ഇത്തരമൊരു പാശ്ചാത്തലത്തിലാണ് 2001- 2002 വര്‍ഷത്തില്‍ ജില്ലയുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ചു കൊണ്ട് മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നത്.
എസ്.എസ്.എല്‍.സി റിസള്‍ട്ട് വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യമായി അവതരിപ്പിച്ചതെങ്കിലും കേവലം പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളെ സന്നദ്ധരാക്കുക എന്നതിലുപരി ജില്ലയുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ചു കൊണ്ടുള്ള വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഉടനീളം പദ്ധതിയുടെ ഭാഗമായി നടത്തുകയുണ്ടായി. സാധാരണ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരിശീലനങ്ങളേക്കാളുപരി അധ്യാപകരില്‍ നേതൃ പാഠവം, പ്രവര്‍ത്തന സന്നദ്ധത, മനോഭാവങ്ങളുടെ മാറ്റം, മെന്ററിംങ് കൗണ്സിലിംഗ്, എന്നിവയില്‍ പരിശീലനങ്ങള്‍ നല്‍കി. എല്ലാ ഹൈസ്കൂളിലും പദ്ധതിക്കായി പ്രത്യേക കമ്മിറ്റികള്‍ രൂപീകരിച്ചു. പിടിഎ ഭാരവാഹികള്‍ക്ക് പ്രത്യേക ശില്പശാലകള്‍ നടത്തി. ഒപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്ക്ക് പ്രത്യേക പരിശീലങ്ങള്‍ നള്‍കി. എല്ലാ ഗ്രാമ / ബ്ലോക്ക് പഞ്ചായത്തുകളെയും വിജഭേരി പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കി. രക്ഷിതാക്കള്‍ക്ക് ഉണര്‍വ് എന്ന പേരില്‍ പ്രത്യേക വിദ്യാഭ്യാസ ബോധവള്‍ക്കരണ കാമ്പയിനു കള്‍ നടത്തി. ഹൈസ്കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ നല്‍കി. കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകല്‍ പരിചയമില്ലാത്ത 2001-2005 വര്‍ഷങ്ങളിലാണ് ഇത്തരം പ്രോഗ്രാമുകള്‍ ജില്ലയിലുടനീളം സംഘടിപ്പിക്കപ്പെട്ടത്. പഠന പ്രയാസമുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ പ്രത്യേക അടിസ്ഥാന ശേഷി പരീക്ഷകള്‍, മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രത്യേക ക്യാമ്പുകള്‍, സ്കൂളുകളില്‍ കൗണ്‍സിലിംഗ് ഡസ്കുകള്‍, അധ്യാപകരുടെ ഗൃഹസന്ദര്‍ശനങ്ങള്‍, പ്രധാന വിഷയങ്ങള്‍ക്ക് പ്രത്യേക മോഡ്യൂളുകള്‍, സന്നദ്ധ സംഘടനകളെ സ്കൂളുകളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കല്‍, സ്കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പുകള്‍, പഞ്ചായത്തുകള്‍ തോറും അധ്യാപക സംഗമങ്ങള്‍, അവധിക്കാലത്ത് പ്രത്യേക പഠന ക്യാമ്പുകള്‍, പരീക്ഷയ്ക്ക് മുമ്പ് സഹവാസ ക്യാമ്പുകള്‍, പഠന പ്രയാസമുള്ളവരെ ദത്തെടുക്കല്‍, സ്കൂള്‍ സമയത്തിന് മുമ്പും ശേഷവും പ്രത്യേക ക്ലാസുകള്‍, വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസുകള്‍, മിഡ്ടേം പരീക്ഷകള്‍, പ്രൈമറി സ്കൂളുകളിള്‍ ഗ്രാമപഞ്ചായത്തുകളുടെ ഇടപെടലുകള്‍, അമ്മമാര്‍ക്കുള്ള പ്രത്യേക പരിശീലനങ്ങള്‍, മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേകമായ പിന്തുണാസംവിധാനമൊരുക്കല്‍..... ഇത്തരം വിവിധങ്ങളായ പ്രവര്ത്തനങ്ങള്‍ വിജയഭേരി പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഉടനീളം നടക്കുകയുണ്ടായി. എല്ലാ പ്രവര്‍ത്തനങ്ങളും പൂര്ണ മനസ്സോടുകൂടെ അധ്യാപകരും പൊതുജനങ്ങളും ഏറ്റെടുത്തു. വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞു നിന്നിരുന്ന ഒരു സമൂഹം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. വിദ്യാഭ്യാസത്തോടുള്ള മനോഭാവം മാറി. പെണ്കുട്ടികള്‍ അത്രയൊക്കെ പഠിച്ചാല്‍ മതി എന്ന തീരുമാനം മാറി. രണ്ടായിരത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഹൈസ്കൂളുകളില്‍ കല്യാണം കഴിഞ്ഞ വിദ്യാര്‍ത്ഥിനികളെ ധാരാളമായി കാണാമായിരുന്നു. ഇന്ന് വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലും മാറ്റങ്ങള്‍ വന്നിരിക്കുന്നു. പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ജില്ല ഏറെ മുമ്പിലെത്തിയിരിക്കുന്നു. പെണ്‍കു ട്ടികളുടെ വിവാഹപ്രായം ഉയര്‍ന്നു.
പദ്ധതിയുടെ തുടര്‍ച്ചയെന്നോണം ഹയര്‍ സെക്കണ്ടറി തലത്തിലും വിവിധ പ്രവര്‍ത്തനങ്ങള്‍ വിജയഭേരി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കികൊണ്ടിരിക്കുന്നു. വിവിധ മത്സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ ഏറെ മുന്നേറി. കേന്ദ്ര സര്‍വകലാശാലകളിലും വിദേശ സര്‍വകലാശാലകളിലും മലപ്പുറത്തിന്റെ പ്രാതിനിധൃം വര്‍ദ്ധിച്ചു. എസ്.എസ്.എല്‍.സി പ്ലസ് ടു ഫലത്തില്‍ സംസ്ഥാന ശരാശരിക്ക് മുകളില്‍ എത്തി. എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളുടെയും നീറ്റ്, ജെ.ഇ.ഇ പോലെയുള്ള പരീക്ഷകളിലും കഴിഞ്ഞ 15 വര്‍ഷത്തില്‍ ഉണ്ടായ മാറ്റം അത്ഭുതാവഹമാണ്. ഉപരിപഠന മേഖലകളില്‍ പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു. സ്ത്രീകളുടെ തൊഴില്‍ പ്രാതിനിധൃം വര്‍ദ്ധിച്ചു. സ്കൂള്‍ തലത്തിലുള്ള കൊഴിഞ്ഞു പോക്ക് ഇല്ലാതായി. വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും പുറകിലായിരുന്ന ജില്ല മറ്റു ജില്ലകളോടൊപ്പമോ മുകളിലോ എത്തിനില്‍ക്കുന്നു.
ഇന്ന് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വിവിധ പേരുകളില്‍ പ്രത്യേക വിദ്യാഭ്യാസ പദ്ധതികളുണ്ട്. എം.എല്‍.എ മാര്‍ക്ക് തനത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുണ്ട്. ഈ കഴിഞ്ഞ കേന്ദ്ര സര്‍കലാശാല പ്രവേശന പരീക്ഷയ്ക്ക് സംസ്ഥാനത്ത് ഒരു ജില്ലാ പഞ്ചായത്ത് പ്രത്യേക പരിശീലനം നല്‍ കിയത് മലപ്പുറത്ത് മാത്രമായിരുന്നു. മലപ്പുറത്തെ മുനിസിപ്പാലിറ്റികളും ഗ്രാമപഞ്ചായത്തുകളും എം.എല്‍.എ മാരും ഇത്തരം പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നു. ഇതെല്ലാം 2001-2002ല്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് തുടങ്ങിവച്ച വിജയഭേരി പദ്ധതിയുടെ തുടര്‍ച്ചയാണ്.
ജില്ലയുടെ എസ്.എസ്.എല്‍.സി റിസള്‍ ട്ട് വിജയഭേരിക്ക് മുമ്പ്
1999 - 30.23%
2000 - 32%
2001 - 33.24%
വിജയഭേരി പദ്ധതിക്ക് ശേഷം
2002 - 41.23%
2003 - 48.44%
2004 - 58.77%
2005 - 56.63%
2006 - 61.91%
2007 - 76.29%
2008 - 87.09%
2009 - 86.67%
2010 - 86.97%
2011 - 88.52%
2012 - 92.11%
2013 - 91.43%
2014 - 95.48%
2015 - 95.83%
2016 - 95.84%
2017 - 95.53%
2018 - 97.76%
2019 - 97.86%
2020 - 98.65%
2021 - 99.39%
2022 - 99.32%
